ന്യൂനമർദ്ദം ശക്തിപ്പെടുന്നു; കേരളത്തിൽ നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാൽ, കേരളത്തിൽ അടുത്ത നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്- കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആഘാതം മനുഷ്യർക്കും മൃഗങ്ങൾക്കും മാത്രമല്ല, വൈദ്യുത–ആശയവിനിമയ സംവിധാനങ്ങൾക്കും വൈദ്യുതചാലകങ്ങളുമായി ബന്ധമുള്ള ഉപകരണങ്ങൾക്കും വൻ നാശനഷ്ടം വരുത്താനിടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. അതേസമയം, സംസ്ഥാനത്ത് ചൂട് വീണ്ടും രൂക്ഷമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസിനും, മറ്റ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസിനും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പം കൂടിയ വായുവും സംസ്ഥാനത്തിന്റെ മലയോരമേഖലകളൊഴികെയുള്ള ഭാഗങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.